ചാത്തന്നൂര്‍: ഹരിതകര്‍മസേനയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കിയിരുന്ന ഉത്സവബത്ത ഇക്കുറിയില്ലാത്തതില് പ്രതിഷേധം. വിശേഷ ദിനങ്ങളില്‍ ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് വര്‍ഷമായി ഉത്സവബത്ത നല്കുന്നുണ്ടായിരുന്നു. മറ്റു മേഖലകളിലെ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്സവബത്ത പ്രഖ്യാപിച്ചപ്പോള്‍ ഹരിതകര്‍മ സേനയെ അവഗണിച്ചെന്നാണ് പ്രധാന പരാതി. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ 1000 രൂപയും കഴിഞ്ഞ വര്‍ഷം 1250 രൂപയുമാണ് നല്‍കിയത്. എന്നാല്‍ ഇത്തവണ ഉത്സവബത്ത ഇല്ലെന്നാണ് അറിയിപ്പ്. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ആയിരത്തിലധികം ഹരിതകര്‍മ സേനാംഗങ്ങളുണ്ട്.
കൊല്ലം കോര്‍പ്പറേഷനില്‍ നൂറിലേറെയും. ഒരു പഞ്ചായത്തില്‍ വാര്‍ഡ് എണ്ണം അനുസരിച്ച് അറുപതുവരെ അംഗങ്ങളുണ്ട്. രണ്ടുപേര്‍ വീതമാണ് ഓരോ വാര്‍ഡുകളിലെയും വീടുകളില്‍ നിന്ന് അജൈവ മാലിന്യം കൃത്യമായ ഇടവേളകളില്‍ ശേഖരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രത്തില്‍ എത്തിക്കുന്നത്. ഇവിടെനിന്നു മാലിന്യം തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിലേക്ക് അയയ്ക്കും.
രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ വൈകിട്ടു വരെ ഒരു സുരക്ഷയും ഇല്ലാതെ ജോലിയില്‍ ഏര്‍പ്പെടുന്നവരാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍. വീടുകളില്‍ നിന്ന് 50 രൂപയും സ്ഥാപനങ്ങളില്‍നിന്ന് 100 രൂപയുമാണ് ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ ഫീയായി ലഭിക്കുക. മാസത്തില്‍ എട്ടുമുതല്‍ 15 ദിവസം വരെ ഇവര്‍ക്ക് വീടുകള്‍ കയറിയിറങ്ങണം. ബാക്കിയുള്ള ദിവസങ്ങളിലാണ് ഇവ തരംതിരിക്കുക. മാലിന്യം ശേഖരിക്കേണ്ടതിനെക്കുറിച്ച് കലണ്ടറുമുണ്ട്.
തുച്ഛമായ തുക മാത്രമാണ് ഹരിത കര്‍മ്മ സേനയുടെ പ്രതിഫലം. വിശേഷ ദിനങ്ങളില്‍ ലഭിക്കുന്ന ഉത്സവബത്ത ഇവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. വെയിലും മഴയും അവഗണിച്ച് നാടിന്റെ ആരോഗ്യത്തിന് കാവലാളാകുന്ന തങ്ങളെ അവഗണിക്കുന്നു എന്നാണ് സേനാംഗങ്ങളുടെ പരാതി.